Monday, April 20, 2009

ഹീറോയിസം അവസാനിപ്പിക്കണം

ആനയെ ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് .ഹീറോയിസം അവസാനിപ്പിക്കണം. ആനകള്‍ എന്നത് അന്തസിന്റെയും അലങ്കാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായി മാറിയിരിക്കുകയാണ്.
സിനിമാവ്യവസായം പോലെയാണ് ഇന്ന് ആന പരിപാലനം. സൂപ്പര്‍ താരങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ വളരുന്നത്. ആനയിലും ഉണ്ട് സൂപ്പര്‍ താരങ്ങള്‍ . അത് ജനങ്ങള്‍ ഉണ്ടാക്കുന്നതാണ്. തലയെടുപ്പുള്ള ആനകളെ മാത്രമേ ഉത്സവത്തിന് എഴുന്നള്ളിക്കുകയൊള്ളൂ. പ്രത്യേക ആനകള്‍ തന്നെ ഉല്‍സവത്തിന് വരണമെന്ന് കമ്മറ്റിക്കാര്‍ വാശിപിടിക്കുന്നതും ആനയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നു.
ആന എന്നത് ഇന്‍ഡസ്ട്രിയായി മാറി. ആനയെ ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണ് ലക്ഷ്യം. ഫാന്‍സ് അസോസിയേഷനുകള്‍ പല ആനയ്ക്കും ഉണ്ട്. ഇത് കാണിക്കുന്നത് നമ്മുടെ മൂല്യചുതിയാണ് ഒരിക്കലും ആന വ്യവസായിക ഉപകരണമല്ല. ആനയെ വളര്‍ത്തുന്നവര്‍ ലാഭം നോക്കിയാല്‍ ആനകളുടെ വംശം നിലനിര്‍ത്താന്‍ പ്രയാസമാണ്.
ആചാര അനുഷ്ഠാനങ്ങളുടെ പേരിലും ആനയെ നാം ദ്രോഹിക്കുന്നു. നേര്‍യ്ച്ചക്കും, ഉത്സവങ്ങള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ആനകളെ ഉപയോഗിക്കുന്നു. ചൂടുള്ള വെയിലത്ത് നിര്‍ത്തുന്നു. വേണ്ടത്ര ഭക്ഷണം അതിന് കൊടുക്കുന്നില്ല. എത്ര നിയമങ്ങള്‍ ഉണ്ടായാലും ആനയ്ക്ക് രക്ഷയില്ലാതായി തീര്‍ന്നിരിക്കുകയാണ്.
നാട്ടാന പരിപാലന ചട്ടം കൊണ്ടുമാത്രം ആനയെ നിയന്ത്രിക്കാന്‍ കഴിയില്ല. ചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഒരാനയേയും എഴുന്നള്ളത്തിന് കൊണ്ടു പോവാന്‍ കഴിയില്ല. ജനങ്ങളുടെ മനസില്‍ മാറ്റമുണ്ടാവണം. ഫാന്‍സ് അസോസിയേഷനുകളെ നിയന്ത്രിക്കണം. ആനയെ പേരു ചൊല്ലി വിളിക്കുന്നത് ഒഴിവാക്കണം. ആനകള്‍ക്ക് നമ്പറിടണം. വ്യവസായം എന്നതിലുപരി ആനയെ ഭക്തിയോടെ കണ്ടാലെ ആനകള്‍ക്കും മനുഷ്യര്‍ക്കു രക്ഷയൊള്ളൂ.